സത്യപ്രബോധകന്റെ ഉപമ.

അബൂമൂസല്‍ അശ്‌അരി(റ) പറയുന്നു: നബി(സ) പറഞ്ഞു: “നിങ്ങളെ ആക്രമിക്കാന്‍ വരുന്ന സേനയെ ഞാന്‍ കണ്ടിരിക്കുന്നുവെന്ന്‌ ഒരാള്‍ തന്റെ ജനതയ്‌ക്ക്‌ മുന്നറിയിപ്പ്‌ നല്‌കി. നിങ്ങള്‍ രക്ഷപ്പെട്ടുകൊള്‍ക; അയാള്‍ ജനങ്ങളെ വിളിച്ചറിയിച്ചു. അയാളുടെ ജനതയില്‍ നിന്നൊരു വിഭാഗം അയാളെ അനുസരിക്കുകയും അന്നു രാത്രി തന്നെ സ്ഥലം വിടുകയും ചെയ്‌തു. അവര്‍ക്ക്‌ രക്ഷപ്പെടാന്‍ വേണ്ടത്ര സാവകാശം ലഭിക്കുകയും ചെയ്‌തു. വേറൊരു വിഭാഗം ജനങ്ങള്‍ മുന്നറിയിപ്പുകാരനെ അവിശ്വസിക്കുകയും അവിടെ തന്നെ തങ്ങുകയും ചെയ്‌തു. പ്രഭാതത്തില്‍ അവരെ സേന ആക്രമിക്കുകയും അവരൊന്നടങ്കം നശിക്കുകയും ചെയ്‌തു. എന്നെ അനുസരിക്കുകയും ഞാന്‍ കൊണ്ടുവന്നതിനെ പിന്തുടരുകയും ചെയ്‌തവന്റെയും, എന്നെയും ഞാന്‍ കൊണ്ടുവന്നതിനെയും നിഷേധിച്ചവന്റെയും ഉപമ ഇതുപോലെയാണ്‌.” (ബുഖാരി, മുസ്‌ലിം)

ലോകം മുഴുവന്‍ നാശത്തിന്റെ പടുകുഴിയിലേക്ക്‌ ആപതിച്ചുകൊണ്ടിരുന്ന കാലത്താണ്‌ നബി(സ)യെ വിശുദ്ധ ഖുര്‍ആനുമായി അല്ലാഹു നിയോഗിച്ചത്‌. ആത്മീയവും ഭൗതികവുമായ നാശങ്ങളില്‍ നിന്ന്‌ മനുഷ്യനെ കരകയറ്റാനും ഭൗതിക-പാരത്രിക ജീവിതങ്ങളില്‍ സൗഭാഗ്യം കൈവരിക്കാനുള്ള വീഥിയിലേക്ക്‌ അവനെ നയിക്കാനുമാണ്‌ പ്രവാചകന്‍ പരിശ്രമിച്ചത്‌. തന്റെ ജനതയെ ആക്രമിക്കാന്‍ വരുന്ന സൈന്യത്തില്‍ നിന്ന്‌ രക്ഷപ്പെടാന്‍ അവരെ ഉപദേശിക്കുന്ന മുന്നറിയിപ്പുകാരനോടാണ്‌ നബി(സ) തന്നെ ഉപമിച്ചത്‌. തന്റെ ജനതയെ നാശത്തില്‍ നിന്ന്‌ രക്ഷിക്കാന്‍ ആത്മാര്‍ഥമായി ആഗ്രഹിച്ച അയാളെ ഒരു വിഭാഗം മനസ്സിലാക്കുകയും അവര്‍ രക്ഷ പ്രാപിക്കുകയും ചെയ്‌തു. ഇയാള്‍ തങ്ങള്‍ക്ക്‌ മുന്നറിയിപ്പ്‌ നല്‌കുന്നത്‌ തങ്ങളുടെ നന്മക്ക്‌ വേണ്ടിയാണെന്ന്‌ മറ്റൊരു വിഭാഗം മനസ്സിലാക്കിയില്ല. അവര്‍ മുന്നറിയിപ്പുകാരനെ അവഗണിക്കുകയും അയാളെ നിഷേധിക്കുകയും ചെയ്‌തു. ഫലമോ അവരെ ശത്രു സൈന്യം അക്രമിച്ച്‌ നശിപ്പിച്ചു.

നബി(സ)യുടെ ഉപമ ആത്മാര്‍ഥതയുള്ള മുന്നറിയിപ്പുകാരന്റേതാണ്‌. മുന്നറിയിപ്പുകാരന്‌ യാതൊരു സ്വാര്‍ഥതയും ഉണ്ടായിരുന്നില്ല. ജനതയുടെ രക്ഷയോര്‍ത്താണ്‌ ശത്രുസേനയെ കണ്ടമാത്രയില്‍ ഓടിക്കിതച്ചുകൊണ്ടാണയാള്‍ തന്റെ ജനങ്ങളുടെ സമീപമെത്തിയത്‌. പക്ഷേ എന്തുചെയ്യാം? ഒരു വിഭാഗം അദ്ദേഹത്തിന്റെ മുന്നറിയിപ്പ്‌ തള്ളിക്കളയുകയും തത്‌ഫലമായി നശിക്കുകയും ചെയ്‌തു. ദൈവികാജ്ഞകളില്‍ നിന്ന്‌ പിന്തിരിയുകയും യഥേഷ്‌ടം വിഹരിക്കുകയും ചെയ്യുന്നവര്‍ക്ക്‌ വരാനുള്ള തീരാനഷ്‌ടത്തെ സംബന്ധിച്ചും നരകശിക്ഷയെക്കുറിച്ചും നബി(സ) മുന്നറിയിപ്പ്‌ നല്‌കി. മനുഷ്യരിലെ ചിലരത്‌ സ്വീകരിച്ചുവെങ്കിലും മറ്റു പലരും അത്‌ തിരസ്‌ക്കരിക്കുകയാണ്‌ ചെയ്‌തത്‌. തത്‌ഫലമായി അവര്‍ സ്വയം നാശത്തിന്റെ പടുകുഴിയാണ്‌ തോണ്ടിയത്‌ എന്നു സാരം.

മറ്റൊരിക്കല്‍ പ്രവാചകന്‍ തന്റെയും പ്രബോധിതരുടെയും അവസ്ഥയെ മറ്റൊരു ഉപമയിലൂടെ വിശദീകരിച്ചത്‌ ഇപ്രകാരമാണ്‌:“ഒരാള്‍ തീ കത്തിച്ചു. ചുറ്റുഭാഗത്തേക്കും അതിന്റെ പ്രകാശം പ്രസരിച്ചപ്പോള്‍ ധാരാളം പാറ്റകളും തീ കണ്ടാല്‍ അണയുന്ന കീടങ്ങളും ജീവികളും അവിടേക്ക്‌ പാറിവന്നു. അവ തീയില്‍ വീണു നശിച്ചുകൊണ്ടിരുന്നു. (ഇത്‌ കണ്ട്‌ ദുഃഖിച്ച) അയാള്‍ തീയില്‍ നിന്ന്‌ പ്രാണികളെ തടയാന്‍ ശ്രമിച്ചു. അവയാകട്ടെ അയാളുടെ മുകളിലൂടെ തീയില്‍ വീണുകൊണ്ടിരുന്നു. അതാണ്‌ എന്റെയും നിങ്ങളുടെയും ഉപമ. ഞാന്‍ നിങ്ങളെ നരകശിക്ഷയില്‍ നിന്ന്‌ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നു. നരകത്തില്‍ നിന്ന്‌ വിട്ടുനില്‌ക്കൂ,വിട്ടുനില്‌ക്കൂ എന്ന്‌ ഞാന്‍ നിങ്ങളെ ആഹ്വാനം ചെയ്യുന്നു. നിങ്ങളാകട്ടെ എന്നെ മറികടന്ന്‌ അതില്‍ ചെന്നു പതിക്കുകയും ചെയ്യുന്നു.” (ബുഖാരി, മുസ്‌ലിം).

തന്റെ സഹജീവികള്‍ നാശത്തില്‍ പതിക്കുന്നതില്‍ നബി(സ)ക്കുണ്ടായിരുന്ന മനോവിഷമവും അവരുടെ ഐഹിക-പാരത്രിക വിജയത്തില്‍ അദ്ദേഹത്തിനുണ്ടായിരുന്ന അഭിവാഞ്‌ഛയും ഉപരിസൂചിത ഉപമകള്‍ അനാവരണം ചെയ്യുന്നു. “അവര്‍ ഈ വൃത്താന്തത്തില്‍ വിശ്വസിക്കാത്തതു നിമിത്തമായുള്ള ദുഃഖത്താല്‍ താങ്കള്‍ അവരുടെ പിറകെ സ്വയം ജീവന്‍ അപകടപ്പെടുത്തിയേക്കാം” (വി.ഖു.18:6) എന്ന വചനം ഇത്തരുണത്തില്‍ സ്‌മരണീയമാണ്‌.

നന്മ കല്‌പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്‌തുകൊണ്ട്‌ മനുഷ്യരെ ഐഹിക-പാരത്രിക സൗഭാഗ്യങ്ങളിലേക്ക്‌ വഴി നടത്തുന്നവനാണ്‌ പ്രബോധകന്‍. ജനങ്ങളുടെ നന്മയും വിജയവുമാണ്‌ അയാള്‍ ലക്ഷ്യമാക്കേണ്ടത്‌. അതിനാല്‍ രോഗിയെ പരിചരിക്കുന്ന ഭിഷഗ്വരനെപ്പോലെ അയാള്‍ പ്രബോധിതരോട്‌ ദീനാനുകമ്പയും സ്‌നേഹവും പ്രകടിപ്പിക്കുകയും അവരുടെ മോക്ഷത്തിനായി യത്‌നിക്കുകയും ചെയ്യേണ്ടതാണ്‌ എന്നെല്ലാം ഈ നബിവചനം നമ്മെ പഠിപ്പിക്കുന്നു.

ഈ നബിവചനം മറ്റൊരു കാര്യം കൂടി ഉണര്‍ത്തുന്നുണ്ട്‌: ജനങ്ങളുടെ മോക്ഷത്തില്‍ അതീവ തത്‌പരനായിരുന്ന നബി(സ)യുടെ സന്ദേശത്തെപ്പോലും തിരസ്‌കരിച്ച ഒരു പറ്റം മനുഷ്യര്‍ ഉണ്ടായിരുന്നു. അതിനാല്‍ പ്രബോധകന്‍ എത്ര തന്നെ പരിശ്രമിച്ചാലും സത്യം പുല്‍കുവാന്‍ തയ്യാറാവാത്ത ഇരുട്ടിന്റെ വക്താക്കള്‍ എവിടെയും ഉണ്ടായേക്കാവുന്നതാണ്‌. അവരുടെ സത്യനിഷേധം പ്രബോധകനെ ഒരിക്കലും നിരാശപ്പെടുത്തുകയോ വ്യാകുലനാക്കുകയോ ചെയ്യേണ്ടതില്ല.

തീർച്ചയായും നിന്റെ രക്ഷിതാവ് തന്റെ മാർഗം വിട്ട് പിഴച്ച്
പോയവരെപ്പറ്റി നല്ലവണ്ണം അറിയുന്നവനത്രെ. സന്മാർഗം പ്രാപിച്ചവരെപ്പറ്റിയും
നല്ലവണ്ണം അറിയുന്നവനത്രെ.
ادْعُ إِلِى سَبِيلِ رَبِّكَ بِالْحِكْمَةِ وَالْمَوْعِظَةِ الْحَسَنَةِ
وَجَادِلْهُم بِالَّتِي هِيَ أَحْسَنُ إِنَّ رَبَّكَ هُوَ أَعْلَمُ بِمَن ضَلَّ
عَن سَبِيلِهِ وَهُوَ أَعْلَمُ بِالْمُهْتَدِينَ

നാഥാ സത്യത്തില്‍ ചരിക്കുന്നവര്‍ക്ക് നീ ക്ഷമയും, സഹനവും, ഈമാനിനു ശക്തിയും നല്‍കി,തങ്ങളുടെ ദൌത്യം പൂര്‍ണ്ണമായി നിര്‍വഹിക്കാന്‍ നീ അനുഗ്രഹിക്കേണമേ… നീ എല്ലാം അറിയുന്നവന്‍, നീ എല്ലാം കാണുന്നവന്‍, നിന്റെ ഖുദ്രത്തില്‍  ഞങ്ങള്‍ ഒട്ടും സംശയിക്കുന്നില്ല.. ഇസ്ലാമിനെയും, അതിനെ ഇഖ്ലാസോടെ ഉള്‍ക്കൊള്ളുകയും നിന്റെ പ്രവാചകന്‍റെ സുന്നത്തിനെ അദ്ദേഹം പഠിപ്പിച്ച പ്രകാരം നടപ്പാക്കുകയും നടപ്പാക്കാന്‍ ശ്രമിക്കുകയും ചെയ്യുമ്പോള്‍ (അതില്‍ അവര്‍ക്ക് നീ വിജയം ചൊരിയുകയും), അതിന്‍റെ മാര്‍ഗത്തില്‍ പ്രതിബന്ധങ്ങള്‍ ഉണ്ടാക്കുന്ന നവ-അബൂജാഹില് അനുയായികളെ നീ പാഠം പഠിപ്പിക്കുക്കയും അവരുടെ കുതന്ത്രം നീ തകര്‍ക്കുകയും ചെയ്യേണമേ..

ആമീന്‍…

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s


%d bloggers like this: